തിരുവനന്തപുരം: എലത്തൂർ ഭീകരാക്രമണ കേസിൽ സുരക്ഷാ വീഴ്ച മറച്ചുവച്ച് കേരളാ പോലീസ്. കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. രത്‌നഗിരിയിൽ നിന്ന് കോഴിക്കോട് എത്തിക്കുന്നതിനിടെ ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്നും പ്രതിയെ സഹായിച്ചവർക്ക് രക്ഷപ്പെടാൻ പോലീസ് സഹായമൊരുക്കിയെന്നുമുള്ള വിവരങ്ങളാണ് ഇതോടെ വ്യക്തമാകുന്നത്.
പ്രതിയുമായി എത്തിയ വാഹനത്തിന് നേരെ ആദ്യ ആക്രമണമുണ്ടാകുന്നത് കേരളാ – കർണാടക അതിർത്തിയിൽ വച്ചായിരുന്നു. വാഹനം ആക്രമിച്ച് ഷാരൂഖിനെ രക്ഷപ്പെടുത്താൻ ഒരു സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ട്രാഫിക് ബ്ലോക്കുകളിൽ ഉൾപ്പെടെ ഷാരൂഖിനെ രക്ഷിക്കാൻ പത്തിലധികം തവണ ശ്രമമുണ്ടായി. രണ്ട് വാഹനങ്ങളിലായി പ്രതിയുമായി പോയ വാഹനത്തെ ചിലർ പിന്തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കാസർകോട് ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ പ്രതിയെ കേരളത്തിലേക്ക് എത്തിച്ചതിൽ ആദ്യ ഘട്ടത്തിലെ വിമർശനം ഉയർന്നിരുന്നു. സ്വകാര്യ വാഹനവും, വേണ്ടത്ര സുരക്ഷ ഒരുക്കാത്തതും പ്രതിയെ രക്ഷപ്പെടുത്താൻ സഹായം നൽകുന്ന ഘടകങ്ങളായി. രത്‌നഗിരിയിൽ നിന്ന് പ്രതിയുമായുള്ള യാത്രയ്‌ക്കിടെ ഉണ്ടായ ഈ സുരക്ഷാ വീഴ്ച എൻഐഎ പുറത്തുകൊണ്ട് വരുമെന്ന സ്ഥിതിയായപ്പോഴാണ് കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പിന്നീട് പരാതിയുമായി രംഗത്ത് വന്നത്.
കോഴിക്കോട് ചേവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ട് സെഷൻസ് കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. റോഡ് മാർഗമുള്ള യാത്രയിൽ ഷാരൂഖ് സെയ്ഫിയ്‌ക്കും , ഡ്രൈവർക്കും പുറമെ രണ്ട് പേർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പ്രതിയ്‌ക്കൊപ്പം ഭീകരാക്രമണത്തിനായി എത്തിയവർ കേരളത്തിൽ തന്നെ ഉണ്ടെന്ന വിവരം നിലനിൽക്കെയായിരുന്നു സുരക്ഷാ വീഴ്ചയ്‌ക്ക് പോലീസ് തന്നെ വഴിയൊരുക്കിയത്.
ആദ്യമുണ്ടായിരുന്ന ഇന്നോവ വാഹനത്തിൽ നിന്ന് ഫോർച്യൂണറിലേക്ക് പ്രതിയെ മാറ്റിയത് ഇതു കൊണ്ടാണെന്നും പോലീസുകാർ തന്നെ സമ്മതിക്കുന്നതാണ് സാഹചര്യം. കോഴിക്കോട് എആർ ക്യാമ്പിൽ എത്തുന്നതിന് മുൻപ് നാല് തവണ വാഹനം മാറ്റിയതിന് പിന്നിലും സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആദ്യ ഘട്ടത്തിലെ വിമർശനം ഉയർന്നിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയ കേസിൽ സുരക്ഷാ വീഴ്ച ഉണ്ടായതും, അത് മറച്ചു പിടിക്കാൻ പോലീസ് കാണിച്ച വ്യഗ്രതയും കൂട്ടുപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ആക്ഷേപം.
















Comments