തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാതശിശുവിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിനിയായ അഞ്ജുവാണ് അറസ്റ്റിലായത്. മാരായമുട്ടത്ത് വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു യുവതി. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയായ ലാലിയ്‌ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ മാസമാണ് തൈക്കാട് ആശുപത്രിയിൽ നവജാതശിശുവിനെ വിറ്റ സംഭവമുണ്ടായത്. പ്രസവിച്ച് നാലാം ദിവസം ആശുപത്രിയിൽവച്ചു തന്നെ യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. തമ്പാനൂരിലെ ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിനെ വിൽക്കുന്നതിനായി ഇടനില നിന്ന യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് സ്വദേശിയായ ജിത്തു(27)വിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















Comments