ബെംഗളൂരു: ദി കേരള സ്റ്റോറി എന്ന ചിത്രത്തെ എതിർക്കുന്നവർ ഭീകരതയെ പിന്തുണയ്‌ക്കുകയാണെന്ന് തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരതയ്‌ക്കെതിരെയാണ് ഈ സിനിമ. അത് പ്രദർശിപ്പിക്കരുതെന്നാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തിനെതിരെ പറയുന്ന, ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയായ ‘ബിബിസി ഡോക്യുമെന്ററി’ പ്രദർശിപ്പിക്കാൻ നടക്കുന്നവരും ഈ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളുമാണ്. ഇവർ ഐഎസിന്റെ പിആർ വർക്ക് നടത്തുകയാണ്. – ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. കർണ്ണാടകയിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയാൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ബജ്രംഗ്ദൾ എവിടെയെങ്കിലും ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ബജ്രംഗ്ദളിനെ നിരോധിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
കോൺഗ്രസുകാർ പിഎഫ്ഐയുടെ വക്താക്കളാവുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഭീകര ശക്തികൾ വളരും. ഒരു സ്ഥിരതയുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. അവരുടെ നേതാവ് രാഹുലിന് തന്നെ ഗ്യാരണ്ടിയില്ലെന്നും പിന്നെ അവർ പറയുന്ന എന്ത് കാര്യത്തിനാണ് ഉറപ്പുണ്ടാവുകയെന്നും ഹിമന്ത പറഞ്ഞു.
Comments