ലക്‌നൗ: അയോദ്ധ്യയുടെ സമഗ്ര വികസനം ഉറപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘അയോദ്ധ്യയെ വികസനത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കും. രാജ്യത്തിന്റെയും ലോകത്തിന്റെയും കണ്ണുകൾ അയോദ്ധ്യയിലാണ്. അതിനാൽ തന്നെ പ്രദേശത്തിന്റെ സർവതോന്മുഖമായ വികസനം അനിവാര്യമാണ്, അതിനായി കരുത്തുറ്റ മുൻസിപ്പൽ ബോർഡ് രൂപീകരിക്കേണ്ടത് ആവശ്യമാണ്. മികച്ച ബോർഡിനെ രൂപീകരിച്ച് വികസനം ധ്രുതഗതിയിലാക്കും.’-യോഗി ആദിത്യനാഥ് പറഞ്ഞു. മുൻസിപ്പൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകാനൊരുങ്ങുകയാണ് അയോദ്ധ്യ. ഇവിടെ എത്രത്തോളം വൃത്തിയും, മനോഹാരിതയുമുണ്ടോ അത്ര തന്നെ ഇന്ത്യയുടെ യശസും ഉയരും. അയോദ്ധ്യയിലെത്തുന്ന ഭക്തർ രാജ്യത്തെ സനാതന ധർമ്മത്തെ കുറിച്ചും, ആദരണീയരായ സന്ന്യാസി സമൂഹത്തെ കുറിച്ചും തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചും മറ്റ് രാജ്യങ്ങളിലെത്തിക്കുന്നതിനുള്ള മാദ്ധ്യമമാകും ഇവിടെ എത്തുന്ന സഞ്ചാരികൾ. അതുവഴി രാജ്യത്തെ കുറിച്ചുള്ള മതിപ്പ് ആഗോള തലത്തിൽ ഉയരും- യോഗി ആദിത്യനാഥ് പറഞ്ഞു.
ജനാധിപത്യത്തിന്റെ ഉത്സവമാണ് ഓരോ തിരഞ്ഞെടുപ്പുമെന്നും അദ്ദേഹം പറഞ്ഞു. ഈ വേളയിൽ രാമഭക്തനായ ഒരാൾ അധികാരത്തിലേറിയാൽ ഗുണങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്ക് വോട്ട് ചെയ്താൽ അത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം തുറന്നടിച്ചു. 1990-ൽ അയോദ്ധ്യയിലെ രാമക്ഷേത്ര സമരത്തിൽ പങ്കെടുക്കാനെത്തിയ കർസേവകർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് വെടിയുതിർത്ത സംഭവത്തെ മുൻ നിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രീണന നയത്തിലൂടെ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രീണനം വളരാൻ ബിജെപി അനുവദിക്കില്ലെന്നും ജനങ്ങളുടെ ശാക്തീകരണത്തിലും ഉന്നമനത്തിലുമാണ് ബിജെപപി ഊന്നൽ നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1947- ൽ രാജ്യം സ്വതന്ത്രമായപ്പോൾ പലർക്കും ആ വിജയം ആഘോഷിക്കാൻ പോലും കഴിഞ്ഞിരുന്നില്ല, എന്നാൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കാൻ കഴിയുന്നതായും യോഗി പറഞ്ഞു.
Comments