മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ബോട്ടിന്റെ ഡ്രൈവർ അറസ്റ്റിൽ. താനൂരിൽ വെച്ചാണ് ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിലായത്. രണ്ട് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. ഇതോടെ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. മറ്റൊരു ജീവനക്കാരനായ രാജൻ ഒളിവിലാണ്. ദിനേശന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതി കുറ്റങ്ങൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ബോട്ടുടമ നാസറിനെ ചൊവ്വാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പോലീസ് അപേക്ഷ നൽകും. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടരകത്ത് സലാം, പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്, വളപ്പിലകത്ത് മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകടകാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ടിന്റെ ഡെക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാനായി സ്‌റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന ദിവസത്തിന് മുൻപ് ബോട്ടിൽ ജോലി ചെയ്ത മുഴുവൻ പേരെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥ തലത്തിൽ എന്തൊക്ക തരത്തിലുള്ള സഹായങ്ങൾ ലഭി്ച്ചുവെന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരണം. ഇതിനായി ദിനേശനെയും കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ നൽകുമെന്നും ്അന്വേണസംഘം അറിയിച്ചു.
















Comments