ബെംഗളൂരു: കർണാടകയിൽ കനത്ത പോളിംഗ്. ഒരു മണിയോടെ 37.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരാൻ സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. ബിജെപി- കോൺഗ്രസ് പോര് നടക്കുന്ന ജില്ലയായ ദക്ഷിണ കന്നഡയിൽ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.
ഗ്രാമീണ മേഖലകളിൽ സാമാന്യം മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ബോംബൈ കർണാടക, ഓൾഡ് മൈസൂരു തുടങ്ങിയ ശക്തമായ മത്സരം നടക്കുന്ന മേഖലകളിലും വളരെ മികച്ച പോളിംഗ്. വിജയം ഉറപ്പെന്നും ബിജെപി കേവലഭൂരിപക്ഷം നേടുമെന്നും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. അദ്ദേഹം ശിക്കാരിപുരയിലാണ് വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചര കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 2613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയ്ക്കാണ് അവസാനിക്കുക.
Comments