തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവഡോക്ടറെ പോലീസ് കൊണ്ടുവന്നയാൾ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി നടത്തിയ അടിയന്തിര ഇടപെടലിനെതിരെ സൈബറിടത്തിൽ ഇടത് അനുകൂലികൾ രംഗത്ത്. പ്രത്യേക സിറ്റിംഗ് നടത്തി വിഷയത്തിൽ ഇടപെട്ട ഡിവിഷൻ ബെഞ്ചിനെതിരെയാണ് സൈബർ സഖാക്കളുടെ ആക്ഷേപം. വിഷയം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അതിരൂക്ഷമായ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. ഹൈക്കോടതിയുടെ ഇടപെടലിനെതിരെ പരസ്യമായി രംഗത്ത് വരുന്നതും ഇകഴ്‌ത്തിക്കാണിക്കുന്നതും കോടതിയലക്ഷ്യ നടപടിക്ക് വരെ കാരണമാകാമെന്നിരിക്കെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

ദേവൻ രാമചന്ദ്രൻ വെറുമൊരു ഹൈക്കോടതി ജഡ്ജിയല്ലേ? ഇഹലോകത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സാക്ഷാൽ ദേവനൊന്നുമല്ലോ എന്നാണ് ഇടതുപക്ഷ അനുകൂലിയും ഡോക്ടറുമായ കെ.പി അരവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പാതോളജി ഡിപ്പാർട്ട്‌മെന്റിലെ മുൻ പ്രൊഫസർ കൂടിയാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ അധിക്ഷേപ പരാമർശത്തിനെയും ഇദ്ദേഹം ന്യായീകരിക്കുന്നുണ്ട്. ”വീണാ ജോർജ് മോശമായി എന്തു പറഞ്ഞു എന്നാണ്?
ഇതു പോലുള്ള മാപ്രാ നോൺസെൻസുകളാണ് ആദ്യം നിയന്ത്രിക്കേണ്ടത്. ഏത് ദാരുണ സംഭവമുണ്ടായാലും വന്നെത്തും ഇതുപോലുള്ള ശവംതീനികൾ!” ഇതായിരുന്നു ആരോഗ്യമന്ത്രിയുടെ വിവാദ പരാമർശത്തെക്കുറിച്ച് ഡോക്ടർ കെ.പി അരവിന്ദന്റെ പ്രതികരണം.

സമാനരീതിയിൽ നിരവധി ഇടതുഅനുകൂലികളാണ് ദേവൻ രാമചന്ദ്രനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. ദേവൻ രാമചന്ദ്രൻ സൂപ്പർമുഖ്യമന്ത്രി കളിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ!, കെ.പി അരവിന്ദൻ പറഞ്ഞത് അയാളുടെ മുഖത്ത് നോക്കി കോടതിയിൽ പറയാൻ ഒരു വക്കീലുമില്ലാത്തതാണ് കഷ്ടം എന്നിങ്ങനെയാണ് വേറെ ചില സൈബർ സഖാക്കൾ പ്രതികരിച്ചത്.
”ഇവനൊക്കെ ആരാണ്…! ഒരു സംഭവത്തിൽ ഒരുപക്ഷെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനും മുൻപേ സിറ്റിംഗ് നടത്തുമെന്ന് പ്രഖ്യാപിക്കാനും മാപ്രകൾക്കുവേണ്ടി ഇതുപോലത്തെ ഭരത്ചന്ദ്രൻ ഡയലോഗ് അടിക്കാനും. ഇങ്ങനെയാണെങ്കിൽ പിന്നെ എക്‌സിക്യൂട്ടിവും അഡ്മിനിസ്‌ട്രേഷനും ഒന്നും വേണ്ടല്ലോ. ദേവന്മാരും കൊളീജിയം ടീമും കൂടി നാടുമൊത്തം ഒറ്റയ്‌ക്ക് അങ്ങ് ഭരിക്കട്ടെ. വെടിവെച്ചൂടേന്ന്.. പറ്റില്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടാൻ.. എന്തോന്നടെ.. ഇത്തരം ജഡ്ജിമാരെ ഭരണഘടനാപരമായി നിയന്ത്രിക്കണം. രാജ്യത്ത് ഭരണം നടത്താനാണ് എക്‌സിക്യൂട്ടീവ് ഉള്ളത്. സമാന്തര ഭരണം നടത്താൻ ജുഡീഷ്യറിക്ക് അധികാരമില്ല.” ഡിവൈഎഫ്‌ഐ പ്രവർത്തകനും തൃശൂർ സ്വദേശിയുമായ അതുൽ കൃഷ്ണയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

















Comments