തിരുവനന്തപുരം: വനിതാ യുവ ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ. ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത സമരം 24 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ്.
വൻ പ്രതിഷേധമാണ് ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്നത്. അത്യാഹിതമൊഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിച്ചാണ് ഡോക്ടർമാർ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിക്കു മുന്നിലെ സമരം മണിക്കൂറുകളോളം നീണ്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാരും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടർ വന്ദനയ്‌ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്‌സ്പീരിയൻസ് ഇല്ലായിരുന്നുവെന്ന ആരോഗ്യ മന്ത്രിയുടെ പരാമർശം പ്രതിഷേധത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. വരും ദിവസങ്ങളിലും ആരോഗ്യമേഖല പൂർണമായും സ്തംഭിപ്പിച്ചുള്ള വൻ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.















