ബെംഗളുരു: കർണാടകയിൽ ബിജെപിയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ- ജൻകി ബാത്ത്, ന്യൂസ് നാഷൻ സിജിഎസ് സർവെ ഫലങ്ങൾ. ബിജെപി 94 മുതൽ 117വരെ സീറ്റുകൾ നേടുമെന്ന് സുവർണ- ജൻകി ബാത്ത് സർവെ പറയുന്നു. കോൺഗ്രസ് 97 മുതൽ 106 വരെ സീറ്റുകൾ നേടുമെന്നും 14 – 24 സീറ്റുകൾ ജെഡിഎസ് നേടുമെന്നും സർവെ പറയുന്നു. ന്യൂസ് നാഷൻ സിജിഎസ് സർവെയും സമാനമായ സർവെ ഫലമാണ് നൽകുന്നത്. 114 സീറ്റ് ബിജെപിയും 82 സീറ്റ് കോൺഗ്രസും 21 സീറ്റ് ജെഡിഎസും നേടുമെന്ന് സർവെ പറയുന്നു.
രാജ്‌നീതി എക്‌സിറ്റ് പോളും ബിജെപിയിക്ക് നേരിയ മുൻ തൂക്കം പ്രവചിക്കുന്നു. 100 -സീറ്റ് ബിജെപി, 92 -കോൺഗ്രസ്, 31 -ജെഡിഎസ് എന്നിങ്ങനെയാണ് രാജ്‌നീതി പ്രവചിക്കുന്നത്. പുറത്തുവന്ന ഭൂരിഭാഗം സർവെകളും തൂക്ക് സഭയാണ് പ്രവചിക്കുന്നത്. ജെഡിഎസ് തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ വലിയ തകർച്ചയില്ലാതെ പിടിച്ചു നിൽക്കുമെന്നും സർവെകൾ വ്യക്തമാക്കുന്നു. ചില സർവെകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അടക്കം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ മുൻകൈ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ ബിജെപിയുടെ പ്രചരണ ചുമതല ദേശീയ നേതൃത്വം നേരിട്ട് ഏറ്റെടുത്തതോടെ സ്ഥിതി മാറുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കോൺഗ്രസിനാണ് സർവെ ഫലങ്ങൾ സാദ്ധ്യതകൾ പ്രവചിച്ചിരുന്നതെങ്കിൽ അവസാന ഘട്ടത്തിൽ പുറത്തുവന്ന സർവെകൾ ബിജെപി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
65.69 ശതമാനമാണ് ഇത്തവണ കർണാടകയിലെ വോട്ടിംഗ് ശതമാനം. 72.13 ശതമാനമായിരുന്നു 2018 തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. മേയ് 13 നാണ് വോട്ടെണ്ണൽ.
Comments