തിരുവനന്തപുരം: കന്യാകുമാരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് മരണം. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. നൃത്തസംഘം സഞ്ചരിച്ച കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. നാഗർകോവിൽ-തിരുനൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്താണ് വാഹനാപകടമുണ്ടായത്.
തൃച്ചന്തൂർ എന്ന സ്ഥലത്ത് കലാപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനം സർക്കാർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ബസ്സിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ കാർ ഏറക്കുറെ പൂർണ്ണമായും തകർന്നു.
ഡ്രൈവറടക്കം 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. കാർ ഡ്രൈവർ ഉൾപ്പടെ നാലുപേരും തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നാട്ടുകാരും, ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
















Comments