ബംഗളൂരു: തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം കാത്തിരിക്കാതെ തന്നെ ഫലപ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് കർണ്ണാടകം. ആര് നയിക്കുമെന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനം. നാളെയാണ് കർണ്ണാടകയിൽ വോട്ടെണ്ണൽ. എക്‌സിറ്റ് ഫലങ്ങൾ എങ്ങും തൊടാതെ പോയതോടെ തൂക്ക് മന്ത്രിസഭയ്‌ക്ക് സാധ്യതയേറുന്നു എന്ന് കരുതിയിരിക്കയാണ് പലരും എങ്കിലും, ബിജെപിയ്‌ക്കാണ് മുൻതൂക്കമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ചില എക്‌സിറ്റ് ഫലങ്ങൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോൾ ചിലത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പറയുന്നത്. 224 അംഗങ്ങളുള്ള നിയമസഭയിൽ 113 സീറ്റുകൾ നേടിയാൽ കേവലഭൂരിപക്ഷമാകും. 2018ലെ കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.
കോൺഗ്രസ് പ്രതീക്ഷ സൂക്ഷിക്കുന്നുണ്ടെങ്കിലും പല പ്രതിസന്ധികളാണ് കോൺഗ്രസിനെ വേട്ടയാടുന്നത്. ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ വലിയ ജനവികാരമാണ് ഉയർന്ന് വന്നത്. കർണ്ണാടകത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് സോണിയാഗാന്ധി നടത്തിയ പ്രഖ്യാപനം വലിയ രീതിയിൽ വിവാദം സൃഷ്യിച്ചു. ഇത് ബിജെപിയ്‌ക്ക് മേൽക്കൈ നേടിക്കൊടുത്തു. രാജ്യത്തെ വെട്ടിമുറിക്കാനുള്ള പ്രവണതയാണ് സോണിയാഗാന്ധി ഈ പ്രസംഗത്തിലൂടെ നടത്തിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപിയ്‌ക്ക് സാധിച്ചു. സോണിയയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണെന്നും തമിഴ്‌നാട്ടിൽ ഡിഎംകെയും പഞ്ചാബിൽ ഖലിസ്ഥാൻ വാദികളും ഉയർത്തുന്ന അതേ സ്വരമാണ് കോൺഗ്രസ് നേതാവായ സോണിയായുടേതെന്നും ഫെഡറലിസം എന്ന വേരിൽ രാജ്യത്ത് കോൺഗ്രസ് വിഘടനവാദത്തിന്റെ വിത്തുവിതയ്‌ക്കുകയാണെന്ന് ബിജെപി.
നിലവിൽ കോൺഗ്രസ് എക്‌സിറ്റ് പോളുകളിലെ മുൻതൂക്കത്തിൽ അഭിരമിക്കുകയാണ് എന്നതാണ് സത്യം. മുമ്പ് ഇത്തരത്തിൽ 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും കോൺഗ്രസ് അധികാരത്തിലെത്തുമെന്നുമുള്ള പ്രവചനങ്ങളെ പ്രചരിപ്പിച്ചിരുന്നെങ്കിലും കഥ മറ്റൊന്നായിരുന്നു. ഇത്തവണ റെക്കോഡ് പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.
Comments