ബെംഗളുരു: കർണാടകയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകനും കോൺഗ്രസ് നേതാവുമായ യതീന്ദ്ര സിദ്ധരാമയ്യ രംഗത്ത്. തിരഞ്ഞെടുപ്പ് റിസൾട്ട് നൽകുന്ന സൂചന കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ്. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. അതാണ് കർണാടകയുടെ ആഗ്രഹമെന്നും യതീന്ദ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധികാരത്തിലെത്തും. ബിജെപിയെ മാറ്റി നിർത്താനായി എന്തും ചെയ്യും. സിദ്ധരാമയ്യ തന്നെ കർണാടകയുടെ മുഖ്യമന്ത്രിയാകും. വരുണ മണ്ഡലത്തിൽ നിന്നും അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. അതാണ് കർണാടക ആഗ്രഹിക്കുന്നതെന്നും യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു.
വോട്ടെണ്ണലിന്റെ നിരവധി ഘട്ടങ്ങളിൽ ലീഡ് നില മാറിമറിഞ്ഞു. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി മേൽക്കൈ നേടിയെങ്കിലും ഇവിഎം വോട്ട് എണ്ണിത്തുടങ്ങിയതോടെ ഇരു കക്ഷികളും കടുത്തപോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാൽ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലെത്തിയപ്പോൾ കോൺഗ്രസ് നേട്ടം കൈവരിക്കുകയായിരുന്നു. പരമ്പരാഗത കോൺഗ്രസ് കേന്ദ്രമായ ഹൈദരാബാദ് കർണാടകയിൽ പാർട്ടി മുന്നേറി. ബോംബോ കർണാടക, മദ്ധ്യ കർണാടക എന്നിവിടങ്ങളിലും കോൺഗ്രസിന് നേരിയ മേൽക്കൈ നേടാൻ സാധിച്ചു.
തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ജെഡിഎസിനാണ്. നിലവിൽ സഭയിൽ 29 ന് അംഗങ്ങളാണ് പാർട്ടിക്കുള്ളത്. എന്നാൽ നിലവിൽ 27 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂർ മേഖലയിൽ ന്യൂനപക്ഷ വോട്ടുകൾ അടക്കം കോൺഗ്രസിലേക്ക് മാറിയെന്നാണ് വിലയിരുത്തൽ.
Comments