തിരുവനന്തപുരം: പോത്തൻകോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ
പോലീസുകാരനെ സംരക്ഷിച്ച് പോലീസ് റിപ്പോർട്ട്.
എന്നാൽ ആരോപണ വിധേയനായ പോലീസുകാരനെ സ്ഥലംമാറ്റി. തിരുവനന്തപുരം എ ആർ ക്യാമ്പിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന പേരിലാണ് പോലീസുകാരൻ മാമ്പഴം വാങ്ങിയത്.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് ഇൻ്‌സ്‌പെക്ടറുടെയും പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എംഎസ് സ്റ്റോഴ്‌സ് കടയുടമ ജി മുരളീധരൻ നായരുടെ കടയിൽ നിന്നായിരുന്നു കഴിഞ്ഞ മാസം 800 രൂപയ്‌ക്ക് അഞ്ച് കിലോ മാമ്പഴം വാങ്ങി കടന്നു കളഞ്ഞത്.
എന്നാൽ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഇക്കാര്യം തിരക്കിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. തുടർന്ന് നടത്തിയ പരാതിയിൽ പോത്തൻകോട് സിഐ അന്വേഷണം നടത്തി. വീണ്ടും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും സംഭവസമയത്ത് ഉദ്യോഗസ്ഥൻ പോലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് എസ്പിയ്‌ക്ക് കൈമാറി. എന്നാൽ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പോത്തൻകോട് സ്‌റ്റേഷനിൽ നിന്നും എആർ ക്യാമ്പിലേയ്‌ക്ക് സ്ഥലം മാറ്റുകയും തുടർ അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിരുന്നു.
Comments