ദുബായ്: യുഎഇയിലെ ഉമ്മുൽഖുവൈനിൽ വർക്ക്ഷോപ്പിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൊള്ളലേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച്ച ഗ്യാരേജിൽ ടാങ്കർ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് സ്ഫോടനമുണ്ടായത്. ബംഗ്ലാദേശ് സ്വദേശിയായ നൂർ ആലം സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.മൂന്ന് മലയാളിക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ മോഹൻലാൽ എന്ന ജീവക്കാരനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്ലാൻഡ് ഓട്ടോഗാരേജിലാണ് അപകടമുണ്ടായത്.
Comments