ഡോ.വന്ദന വധം; സന്ദീപ് ആക്രമിച്ചപ്പോൾ പോലീസ് ഓടിയൊളിച്ചു; ആർഎംഒയുടെ റിപ്പോർട്ട്

Published by
Janam Web Desk

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആർഎംഒയുടെ റിപ്പോർട്ട്. സന്ദീപിന്റെ ആക്രമണമുണ്ടായപ്പോൾ പോലീസുകാർ ഓടിയോളിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും സ്വന്തം കാര്യം നോക്കിയെന്നും ആർഎംഒ എസ് അനിൽകുമാർ വിമർശിച്ചു. വന്ദനയ്‌ക്ക് കൃത്യമായ ചികിത്സ കിട്ടിയിരുന്നുവെങ്കിൽ രക്ഷപ്പെടുത്താമായിരുന്നുവെന്ന് സൂഹൃത്തുക്കളും മുൻപ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആർഎംഒയുടെ പരാമർശം.

അതേസമയം പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി ഇയാളെ പരിശോധിച്ചിരുന്നു. ഡോ.വന്ദനയെ ലക്ഷ്യം വെച്ചല്ല ആക്രമണം നടത്തിയതെന്ന് പ്രതി സന്ദീപ് പറഞ്ഞു. ആശുപത്രിയിൽ അക്രമം നടത്തിയത് പുരുഷ ഡോക്ടറെ ലക്ഷ്യം വെച്ചെന്ന് സന്ദീപ് കുറ്റസമ്മതം നടത്തി. ജയിൽ സൂപ്രണ്ടിനോടാണ് സന്ദീപ് കുറ്റസമ്മതം നടത്തിയത്. ആശുപത്രയിൽ ഉള്ളവർ തന്നെ ഉപദ്രവിക്കുമെന്ന തോന്നലിലാണ് ആക്രമത്തിന് മുതിർന്നതെന്നും സന്ദീപ് പറഞ്ഞു. പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം നാളെ അപേക്ഷ സമർപ്പിക്കും.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്യൂട്ടിക്കിടയിൽ യുവ ഡോക്ടറെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കാലിലെ മുറിവ് ചികിത്സിയ്‌ക്കുന്നതിനിടെയായിരുന്നു ഇയാൾ അക്രമാസക്തനായത്. മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെ നിരവധി തവണയാണ് പ്രതി കുത്തിയത്. പോലീസുകാർ ഉൾപ്പെടെ നാല് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Share
Leave a Comment