കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ഏകമകളെ നഷ്ട്ടപ്പെട്ട അച്ഛനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ…അച്ഛനെ കണ്ട സമയത്ത് നിർവികാരനായി കണ്ണുനീർ വറ്റിയ അവസ്ഥയിലാണ്. മനസ്സിലെ വിഷമത്തെ വാക്കുകൾകൊണ്ട് അടക്കിവെക്കുകയാണ് അച്ഛൻ. ഇറങ്ങാൻ നേരം ‘നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന് കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്’ അച്ഛൻ ഇത് പറഞ്ഞ് അവസാനിച്ചപ്പോൾ തിരിച്ചു പറയാൻ വക്കുകളൊന്നുമില്ലാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു. അമ്മ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. മുറിക്കകത്ത് മരുന്നുകളുടെ സഹായത്തോടെ ഉറങ്ങിത്തീർക്കുകയാണ്. ആളുകൾ വരുന്നതും പോകുന്നതും അമ്മയറിയുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരക്കുകൾ അവസാനിക്കും, അതിനുശേഷം വന്ദനയുടെ അച്ഛനും അമ്മയ്‌ക്കും പിന്നെയെന്ത് എന്ന ചോദ്യം ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്….’വന്ദനയുടെ വീട് സന്ദർശിച്ച ശേഷം ശ്രീഹരി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കരളലയിക്കുന്ന വാക്കുകളാണിവ.
‘ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ബിൽ’ഉടനടി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് എത്രയു വേഗം പരിഹാരം കാണണം എന്നും അല്ലാത്ത പക്ഷം എബിവിപി സമരത്തിലേക്ക് കടക്കുമെന്നും ശ്രീഹരി പറഞ്ഞു. സമര പരിപാടികൾ സംബന്ധിച്ച് മെഡിക്കൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതായും എബിവിപി വ്യക്തമാക്കി. കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ്, കോട്ടയം ജില്ല പ്രസിഡന്റ് സനന്ദൻ ഒ.എസ്, ജില്ല സെക്രട്ടറി ശ്രീരാജ്, സംസ്ഥാന സമിതി അംഗം പാർവതി എന്നിവരും ശ്രീഹരിയോടൊപ്പം വന്ദനയുടെ വീട്ടിലെത്തിയിരുന്നു.
















Comments