കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ദീപ് സ്വന്തം ചികിത്സാ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സ്‌കൂൾ അദ്ധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേയ്‌ക്ക് അയച്ചു നൽകി. മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേയ്‌ക്കാണ് സന്ദീപ് ദൃശ്യങ്ങൾ അയച്ചത്. ജില്ലാ ക്രൈബ്രാഞ്ച് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനയ്‌ക്കായി സന്ദീപിന്റെ മൊബൈൽ ഫോൺ കോടതി മുഖേന ഇന്ന് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേയ്‌ക്ക് അയയ്‌ക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് നടപടി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും തെളിവെടുപ്പ് തുടർന്നിരുന്നു. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴികളാണ് ഇന്നലെ രേഖപ്പെടുത്തിയത്.
മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് സ്‌റ്റേഷനിൽ നേരത്തെ സന്ദീപിന് എതിരെ കേസുള്ളതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. റിമാൻഡിൽ കഴിയുന്ന സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും. ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
















Comments