മുംബൈ: കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച്, പരിശോധന ഒഴിവാക്കാനായി സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി യുവാവ്. 30-കാരനായ ഇൻസിതാർ അലിയാണ് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി കസ്റ്റംസിന്റെ വലയിലായത്. മുംബൈ വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്.
ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സംഭവം. പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാൾ വിഴുങ്ങിയത്. ഏകദേശം 240 ഗ്രാംം സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ വയറ്റിൽ നിന്നും കണ്ടെടുത്തത്. എക്‌സറേ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. വയറിനുള്ളിൽ സൂക്ഷിച്ച സ്വർണം പുറത്തെടുക്കാൻ പ്രത്യേകം ഡയറ്റ് സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
നേരത്തെ ഡൽഹിയിൽ 63-കാരനായ വ്യവസായിയും സമാന രീതിയിൽ സ്വർണ ബിസ്‌ക്കറ്റ് വിഴുങ്ങിയിരുന്നു. 400 ഗ്രാം ഭാരമുള്ള 12 സ്വർണ ബിസ്‌ക്കറ്റുകളായിരുന്നു ഇയാൾ വിഴുങ്ങിയത്. ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് കുപ്പിയുടെ അടപ്പ് വിഴുങ്ങിയെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രിക്രിയയിലാണ് സ്വർണ ബിസ്‌ക്കറ്റാണ് വിഴുങ്ങിയതെന്ന് കണ്ടെത്തിയത്.
Comments