ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥിതി ഗതികൾ മനസിലാക്കാൻ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. തമിഴ്നാട് പ്രതിനിധികൾ തേക്കടിയിലെത്തി അവിടെ നിന്ന് ബോട്ട് മാർഗവും കേരള പ്രതിനിധികൾ വള്ളക്കടവ് വഴി റോഡ് മാർഗവുമാണ് അണക്കെട്ടിലെത്തിയത്. അണക്കെട്ടിലെത്തിയ സംഘം വിവിധ പരിശോധനകൾ നടത്തി. ശേഷം കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് അണക്കെട്ടിന്റെ സ്ഥിതിഗതികൾ വിലയിരുത്തി.
മുല്ലപ്പെരിയാർ പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ ഷട്ടറുകളിലും ഉപസമിതി അംഗങ്ങൾ പരിശോധന നടത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് അദ്ധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സീക്യൂട്ടീവ് എഞ്ചിനീയർ ഹരികുമാർ അസിസ്റ്റന്റ് എഞ്ചിനീയർ എൻ എസ് പ്രസീദ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാം ഇർവിൻ, എ ഇ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 118 അടിയാണ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് അവസാനമായി സമിതി ഡാം സന്ദർശിച്ചത്.
Comments