ന്യൂഡൽഹി: യുകെയിൽ നിന്ന് പുരാവസ്തുക്കൾ വീണ്ടെടുക്കാൻ ഗ്രീസിനെ സഹായിക്കാനൊരുങ്ങി ഇന്ത്യ. കൊളോണിയൽ കാലത്തിന് ഇര ആയിരുന്നവരെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഗ്രീസിന്റെ എൽജിൻ മാർബിളുകളാണ് യുകെയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
ബ്രിട്ടണിൽ നിന്ന് ഇത് വിട്ടുകിട്ടുന്നതിനായി വർഷങ്ങളോളം പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ പോലെയുള്ള ഒരു ആഗോള ശക്തി പ്രശ്‌നത്തിൽ ഇടപെടുന്നത്. യുകെയിൽ നിന്ന് പുരാവസ്തുക്കൾ വിട്ടുകിട്ടുന്നതിന് ഗ്രീസിന് ആവശ്യമായ നയതന്ത്ര സഹായമാകും ഇന്ത്യ നൽകുക. സാംസ്‌കാരിക തിരിച്ചുവരവിനായി പരിശ്രമിക്കുന്ന ഗ്രീസിനെ പിന്തുണയ്‌ക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
മാർബിളുകൾക്ക് പുറമേ നിരവധി പുരാവസ്തുക്കളാണ് ബ്രിട്ടീഷ് രാജവംശത്തിന് കീഴിലുള്ളത്. ഖമർ റൂജ് ഭരണകാലത്ത് കംബോഡിയ കടത്തിയ പുണ്യവസ്തുക്കളും, എൽജിൻ പ്രഭു പാർഥെനോണിൽ നിന്ന് എടുത്ത ബിസി അഞ്ചാം നൂറ്റാണ്ടിലെ മാർബിൾ ഫ്രൈസുകളും ശിൽപങ്ങളും ഫലകങ്ങളും യുകെയിലെ മ്യൂസിയത്തിലുണ്ട്. ഇവ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം കൊണ്ടുപോയി എന്ന് ഗ്രീസ് പണ്ടേ വാദിക്കുന്നുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമവും ഗ്രീസ് നടത്തുന്നുണ്ട്.
സാംസ്‌കാരിക തിരിച്ചുവരവിനായി പ്രചാരണം നടത്തുന്ന രാജ്യങ്ങളുടെ അനൗപചാരിക സഖ്യം രൂപീകരിക്കാൻ രാജ്യം ആഗ്രഹിക്കുന്നതായി ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും ജി 20 അദ്ധ്യക്ഷ പദവിയുള്ളതിനാൽ നിർണായക പങ്ക് വഹിക്കാൻ രാജ്യത്തിന് കഴിയുമെന്നും ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലില്ലി പാണ്ഡേയ വ്യക്തമാക്കി. പുരാവസ്തുക്കൾ വിട്ടുകിട്ടാൻ പരിശ്രമിക്കാൻ കഴിയുന്ന രാജ്യങ്ങളെ സംരക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്നും അവർ പറഞ്ഞു.
യുകെയിൽ നിന്ന് കോഹിനൂർ രത്‌നം ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചതായുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ പുരാവസ്തുക്കൾ, സിവിൽ ഉദ്യോഗസ്ഥനായിരുന്ന സർ വാൾട്ടർ എലിയേറ്റ് സ്ഥാപിച്ച് ബുദ്ധ പ്രതിമയിൽ നിന്നെടുത്ത ഹിന്ദു പ്രതിമകൾ, അമരാവതി മാർബിൾ തുടങ്ങിയവയാകും ബ്രിട്ടണിൽ നിന്നും ഇന്ത്യ വീണ്ടെടുക്കുക.
















Comments