ലണ്ടൻ: വിവാദങ്ങൾക്കിടയിൽ യുകെയിൽ പ്രദർശനത്തിനൊരുങ്ങി കേരള സ്റ്റോറി. ഭീകരവാദം പരാജയപ്പെട്ടെന്നാണ് സംവിധായകൻ സുദീപ്‌തോ സെൻ ട്വിറ്ററിൽ കുറിച്ചത്. യുകെയിലെ ജനങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഭീകരതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുദീപ്‌തോ സെന്നിന്റെ ട്വീറ്റിന് മറുപടിയായി ആശംസകൾ അറിയിച്ച് ആദാ ശർമയുമെത്തി. അഭിനന്ദനങ്ങൾ, യുകെയിൽ കാണാമെന്നാണ് നായിക ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിലേക്ക് എത്തിച്ചേരാൻ സിനിമയ്‌ക്കായെന്നും ഭീകരവാദം യഥാർത്ഥ കാര്യമായതിനാൽ ആളുകൾ സിനിമ കാണുമെന്നും നടി പറഞ്ഞു.
ബ്രിട്ടീഷ് ബോർഡ് ഓഫ് ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി)യുടെ സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്നായിരുന്നു കേരള സ്റ്റോറിയുടെ യുകെ പ്രദർശനം നീണ്ടത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടി ചിത്രം ഇന്ത്യൻ തിയറ്റേറുകൾ കീഴടക്കുകയാണ്. ചിത്രം റിലീസിനെത്തി 12-ാം ദിനം 150 കോടി ക്ലബ്ബിൽ ഇടം നേടി. ഇതോടെ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന് പേര് സ്വന്തമാക്കാനൊരുങ്ങുകയാണ് ആദാ ശർമയുടെ കേരള സ്‌റ്റോറി.
ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരാൻ ഇടയാക്കിയ കേരളത്തിലെ സ്ത്രീകളുടെ യഥാർത്ഥ കഥകളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐഎസിന്റെ കൊടുംഭീകരതകൾ തുറന്നു കാണിച്ചിരിക്കുകയാണ് ചിത്രത്തിൽ. വിപുൽ ഷാ നിർമ്മിച്ച ചിത്രത്തിലെ നായിക ആദാ ശർമയാണ് നായിക. യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
















Comments