കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്‌ക്ക് വിധേയനാക്കി. സർക്കാർ നിർദ്ദേശാനുസരണം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പ്രതിയെ പരിശോധിച്ചത്. പേരൂർക്കട മനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു പരിശോധന.
പരിശോധനകൾക്കൊടുവിൽ പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് വിദഗ്‌ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന ആദ്യ റിപ്പോർട്ട് വിദഗ്‌ദ്ധ സംഘവും ശരിവച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്നാണ് നിലവിലെ വിലയിരുത്തൽ. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ഇതിൽ സ്ഥിരീകരണം ആയിട്ടില്ല.
സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്‌നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പതിവ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് പരിശോധന നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ സന്ദീപിന് കടുത്ത മാനസിക സംഘർഷം ഉണ്ടെന്നും അതുകൊണ്ട് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനസിക പരിശോധനയ്‌ക്കും കൗൺസിലിങ്ങിനും പ്രതിയെ വീണ്ടും വിധേയനാക്കുന്നത്.
Comments