തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ. സിസിടിവി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ആസ്ഥാനം ഉൾപ്പടെ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് നിലവിൽ സിസിടിവിയുള്ളത്
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ ഉൾപ്പടെ പ്രധാന ഇടങ്ങളിൽ ഉടൻ സിസിടിവി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല.
ആരോഗ്യവകുപ്പിന്റെ ആസ്ഥാനം ഉൾപ്പടെ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് നിലവിൽ സിസിടിവി ഉള്ളത്. സിസിടിവി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുമ്പോഴും അത് പാലിക്കപ്പെടാത്തതിൽ സർക്കാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. മിക്ക ആശുപത്രി ആക്രമണങ്ങളുടെയും ദൃശ്യങ്ങളില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടുന്ന സാഹചര്യവുമുണ്ട്. നിയമങ്ങളും ഉത്തരവുകളും കടലാസിൽ മാത്രം ഒതുങ്ങാതെ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന ആവശ്യവും ആരോഗ്യ പ്രവർത്തകർ മുന്നോട്ട് വെയ്‌ക്കുന്നു
Comments