വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കുകയാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 165 കോടി രൂപയാണ്. ഇതോടെ, 2023-ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡിലെ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് കേരള സ്‌റ്റോറി.
വെറും ഒമ്പത് ദിവസം കൊണ്ടായിരുന്നു ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. 12-ാം ദിവസം സിനിമ 150 കോടിയും സ്വന്തമാക്കി. നിലവിൽ ദി കേരള സ്റ്റോറിയുടെ ആകെ കളക്ഷൻ ഇപ്പോൾ 165.94 കോടി രൂപയാണ്. സിനിമയ്‌ക്ക് യുകെയിൽ പ്രദർശനാനുമതി ലഭിച്ചതും സന്തോഷ വാർത്തയാണ്. വിദേശ രാജ്യങ്ങളിൽ കൂടി പ്രദർശിപ്പിക്കുന്നതോടെ ചിത്രത്തിന്റെ കളക്ഷൻ നിഷ്പ്രയാസം 200 കോടി കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിഷ്‌കളങ്കരായ മൂന്ന് മലയാളി പെൺകുട്ടികളെ ഐഎസിന്റെ കാണാപ്പുറങ്ങളിലെത്തിക്കുന്നതും അവരെ ഭീകര സംഘടനയുടെ ഭാഗമാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ചിത്രത്തിനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സിനിമാ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന വാദമായിരുന്നു ഇവരുടേത്. എന്നാൾ ആഗോള ഭീകരവാദത്തിനെതിരെ ശബ്ദിക്കുന്ന സിനിമയെ ജനങ്ങൾ ഏറ്റെടുത്തതോടെയാണ് ബോക്സ്ഓഫീസിൽ മിന്നുന്ന വിജയം ദി കേരള സ്റ്റോറി സ്വന്തമാക്കിയത്.
Comments