യാത്രകൾക്ക് ഇറങ്ങുമ്പോഴും മറ്റും വെള്ളം കൈയിൽ കരുതുന്നവരായിരിക്കും നാമെല്ലാം. ഇല്ലെങ്കിൽ വഴിയിൽ കാണുന്ന കടകളിൽ നിന്നും മിനറൽ വാട്ടർ എന്ന പേരിലറിയപ്പെടുന്ന വെള്ളം വാങ്ങി കുടിക്കാറാണ് പതിവ്. പത്തോ ഇരുപതോ രൂപയിൽ കാര്യം കഴിയും. എന്നാൽ ലക്ഷങ്ങൾ വിലയുള്ള വെള്ളം നിറച്ച കുപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
ലോകത്തിലെ ഏറ്റവും വില കൂടിയ വെളളക്കുപ്പിയാണ് ‘അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ’ എ മോഡിഗ്ലിയാനിയിൽ. ഇതിന് ഏകദേശം 50 ലക്ഷത്തിലധികമാണ് വില. 2010-ൽ വില കൂടിയ വെള്ളമായി ഇത് ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. 750 മില്ലി ലിറ്റർ വെള്ളമാണ് കുപ്പിയിൽ കൊള്ളുന്നത്. ലോകത്തെ ശതകോടീശ്വരന്മാരാണ് ഈ വെള്ളം ഉപയോഗിക്കുന്നതെന്നാണ് വിവരം.
എന്തുകൊണ്ടാണ് ഈ വെള്ളത്തിനും വെള്ളക്കുപ്പിയ്ക്കും ഇത്ര വില? കാരണം ഈ 750 മില്ലി ലിറ്റർ വെള്ളം 24 ക്യാരറ്റ് സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്!!! വെള്ളത്തിൽ അഞ്ച് ഗ്രാം 24 ക്യാരറ്റ് സ്വർണം കലർന്നിട്ടുണ്ട്. ഇത് വെള്ളത്തിന് ക്ഷാരംശം നൽകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. സാധാരണ വെള്ളത്തിനേക്കാൾ കൂടുതൽ ഊർജ്ജം ഈ വെള്ളത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. ‘അക്വാ ഡി ക്രിസ്റ്റല്ലോ’ യുടെ ഓരോ കുപ്പിയിലും ഭൂമിയുടെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വെള്ളമുണ്ട്. ഫ്രാൻസിലെ നീരുറവയിൽ നിന്ന് എടുത്തതും ഫിജിയിൽ നിന്നും മൂന്നാമത്തത് ഐസ്ലാൻഡിലെ ഹിമാനിയിൽ നിന്നുമെടുത്ത വെള്ളമാണ് കുപ്പിയിൽ നിറച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്ന മൂന്നിടത്ത് നിന്നാണ് കുപ്പിയിൽ വെള്ളം നിറച്ചിരിക്കുന്നത്.
ക്ലാസിക് ഡിസൈനുകൾക്ക് പേരുകേട്ട പ്രശസ്ത കലാകാരൻ ഫെർണാണ്ടോ അൽതാമിറാനോ ആണ് ഈ കുപ്പിയുടെ ശിൽപി. 2010-ൽ അക്വാ ഡി ക്രിസ്റ്റല്ലോയുടെ ഒരു കുപ്പി വെള്ളം 60,000 ഡോളറിന് വിറ്റുപോയിരുന്നു.
Comments