മുംബൈ-അഹമ്മദാബാദ് റൂട്ടിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ 508 കിലോമീറ്റർ ദൂരം പിന്നിടുന്നതാണ് സർവീസ്. രണ്ട് മണിക്കൂറുനുള്ളിൽ മുംബൈയിൽ നിന്ന് അഹമ്മദാബാദ് എത്താൻ ഇതോടെ സാധിക്കും. 2027-ഓടെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നാണ് കണക്കുക്കൂട്ടൽ.
ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 1964 ഒക്ടോബർ 1 ന് ജപ്പാനിലായിരുന്നു ആരംഭിച്ചത്. അതുകൊണ്ട് തന്നെ ബുള്ളറ്റ് ട്രെയിനുകളുടെ പിതാവ് എന്നാണ് ജപ്പാനെ വിളിക്കുന്നത്. ഇന്ത്യയിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുന്നത് ജപ്പാനുമായി ഇന്ത്യ ഒപ്പുവച്ച കരാറിലൂടെയാണ്.
2017 സെപ്റ്റംബർ 14-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് തുടക്കമിട്ടത്. കരാർ പ്രകാരം 20 ജാപ്പനീസ് വിദഗ്ധർ ചേർന്ന് ആയിരത്തിലധികം ഇന്ത്യൻ എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും ബുള്ളറ്റ് ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു.
Comments