കൊൽക്കത്ത: പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിനാൽ മാതാപിതാക്കളുടെ വഴക്കിനെ ഭയന്ന് തട്ടിക്കൊണ്ടുപോയെന്ന് ‘നാടകം കളിച്ച്’ വിദ്യാർത്ഥിനി. കൊൽക്കത്ത സ്വദേശിയായ 16-കാരിയാണ് തട്ടിക്കൊണ്ടുപോയതായി കെട്ടിച്ചമച്ച് കഥയിറക്കിയത്. പെൺകുട്ടി തന്റെ പിതാവിന്റെ ഫോണിലേക്ക് അജ്ഞാതനെന്ന വ്യാജേന എസ്എംഎസ് അയക്കുകയും ഒരു കോടി രൂപ മോചനദ്രവ്യം ചോദിക്കുകയുമായിരുന്നു.
ദക്ഷിണ കൊൽക്കത്തയിലെ ബൻസ്‌ദ്രോണി മേഖലയിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. പത്താം ക്ലാസ് പരീക്ഷാഫലം എത്തിയപ്പോൾ അനിയത്തിയെയും കൂട്ടി പെൺകുട്ടി വീടിന് സമീപത്തുള്ള സൈബർ കഫേയിലെത്തി. മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ പോയ ഇരുവരെയും പിന്നീട് അവിടെ നിന്ന് കാണാതാകുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിൽ നടന്നില്ല. ഇതോടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു.
സിസിടിവി കാമറ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. പിന്നീട് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും പെൺകുട്ടിയുടെ സ്‌കൂട്ടി പോലീസ് കണ്ടെത്തി. ഇതിനിടെയാണ് മക്കളെ വിട്ടുകിട്ടാൻ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് സന്ദേശം ലഭിച്ചത്. നേപ്പാൾഗഞ്ച് ഏരിയയിലേക്ക് പണവുമായി എത്തണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെ സമീപ ജില്ലയിൽ നിന്നും 16-കാരിയെയും അവളുടെ ആറു വയസുള്ള അനുജത്തിയെയും കണ്ടെത്തുകയായിരുന്നു.
പത്താംക്ലാസ് പരീക്ഷയിൽ 31 ശതമാനം മാർക്കായിരുന്നു 16-കാരി നേടിയിരുന്നത്. പരീക്ഷയിൽ മികച്ച രീതിയിൽ മാറ്റുരയ്‌ക്കുമെന്ന് മാതാപിതാക്കൾക്ക് വാക്കു നൽകിയിരുന്നതായും ഇതുപാലിക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് നുണ പറഞ്ഞതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
















Comments