കൊല്ലം: അബ്ദുൾ നാസർ മദനിയെ കേരളത്തിലേക്ക് കൊണ്ടു വരാൻ കർണ്ണാടക കോൺഗ്രസ് സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ കത്ത്. ബിജെപി സർക്കാരിന്റെ ശക്തമായ നിലപാട് കൊണ്ടാണ് മദനിക്ക് കേരളത്തിൽ വരാൻ സാധിക്കാതിരുന്നത്. കോൺഗ്രസ് ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ഗണേഷ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അയച്ച കത്തിൽ പറയുന്നത്.
സുരക്ഷയക്ക് ആവശ്യമായ തുക കെട്ടിവയ്‌ക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ കോൺഗ്രസ് സർക്കാർ മുൻകൈ എടുത്ത് കേരളത്തിൽ എത്തിക്കണമെന്നും ബാക്കി ആവശ്യങ്ങൾക്ക് കേരള പോലീസിന്റെ സഹായം തേടാമെന്നുമാണ് ഗണേഷ് കത്തിൽ പറയുന്നു.
കത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്, ‘ഇസ്‌ളാമിക പണ്ഡിതനായ അബ്ദുൾ നാസർ മഅദനി വളരെ വർഷങ്ങളായി കർണാടക സംസ്ഥാനത്ത് ജയിലിൽ കഴിയുകയാണല്ലോ. വൃദ്ധയായ മാതാവിനെ കാണുന്നതിനും ചികിൽസയ്‌ക്കുമായി കേരളത്തിലേക്ക് വരുന്നതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും അദ്ദേഹത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും, മുൻ ബി. ജെ. പി. സർക്കാരിന്റെ നിലപാട് കാരണം അദ്ദേഹം ബാംഗ്ലൂരിലെ ജയിലിൽത്തന്നെ കഴിയുകയാണ്.
കർണാടകത്തിലെ പുതിയ കോൺഗ്രസ് സർക്കാരിൽ നിന്നും ഇക്കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നു പ്രത്യാശിക്കുകയാണ്. കർണാടക പോലീസിൽ നിന്നും അത്യാവശ്യത്തിനുള്ള സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ടും, കേരളാ പോലീസിന്റെ സഹായം തേടിക്കൊണ്ടും ശ്രീ മഅദനിക്ക് കേരളത്തിൽ വന്നു ബന്ധുമിത്രാദികളെ കണ്ടു മടങ്ങുന്നതിന് അനുമതി ലഭ്യമാക്കുവാനുള്ള സഹായം താങ്കളിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. പുതിയ സർക്കാർ നിലവിൽ വരുമ്പോൾ ഏറ്റവും അടിയന്തിര പരിഗണനയോടെ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുന്നതിന് താങ്കളുടെ ആത്മാർഥമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന്, ഗണേഷ് കുമാർ പറയുന്നു.
















Comments