കൊച്ചി: ചക്കയിടുന്നതിനിടെ പാമ്പുകടിയേറ്റ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അയൽവീട്ടിലെ പ്ലാവിൽ നിന്നും ചക്കയിടുമ്പോഴായിരുന്നു എന്തോ തന്നെ കടിച്ചതായി വീട്ടമ്മയ്‌ക്ക് തോന്നിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ യുവതി മരിക്കുകയായിരുന്നു. പാലക്കാട് സ്വദേശി അൻസിലിന്റെ ഭാര്യ നിഷിദയാണ് (36) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
അയൽപക്കത്തെ വീട്ടിലെത്തി ചക്കയിട്ട് തിരിച്ച് വീട്ടിലെത്തിയ നിഷിദയുടെ ഇടതുകൈപ്പത്തിക്ക് മുകളിൽ എന്തോ കടിച്ചതായ പാടുണ്ടായിരുന്നു. ഇതുകണ്ട് പന്തികേട് തോന്നിയ യുവതി വീട്ടുകാരെ വിവരമറിയിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് യുവതിയെ കൊണ്ടുപോയത്.
ചക്കയിടുന്നതിനിടെ പാമ്പിനെ കണ്ടിരുന്നില്ലെങ്കിലും കൈപ്പത്തിക്ക് മുകളിലുള്ള പാടുകൾ കണ്ടാണ് കടിച്ചത് പാമ്പാണെന്ന ധാരണയിൽ വീട്ടുകാരെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ യുവതി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കുടുംബശ്രീ പ്രവർത്തകയായിരുന്നു നിഷിദ. ഭർത്താവ് സൗദിയിൽ ജോലിക്കാരനാണ്. രണ്ട് മക്കളുണ്ട്.
Comments