കർണാടകയിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും ക്യാമ്പുകൾക്കിടയിലാണ് അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നത്. സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്ന എം.ബി പാട്ടീലിന്റെ പ്രസ്താവനയാണ് കർണാടക കോൺഗ്രസിൽ അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിച്ചത്.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എഐസിസി നേത്യത്വം ഇടപ്പെട്ടാണ് കർണാടകയിൽ മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിച്ചത്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രണ്ടര കൊല്ലം വീതം ഭരിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ സിദ്ധരാമയ്യ തന്നെ അഞ്ചു കൊല്ലവും ഭരിക്കുമെന്നാണ് കർണാടക മന്ത്രിയായ എം.ബി പാട്ടീൽ നടത്തിയ പ്രസ്താവന.
എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ഡികെ ശിവകുമാർ തയ്യാറായില്ല. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് ഇതിനെതിരെ രംഗത്ത് വന്നു. ഇതിന് മറുപടി പറയാൻ തനിക്ക് അറിയാമെന്നും എന്നാൽ പറയുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കർണാടകയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 8 പേർ സത്യപ്രതിജ്ഞ ചെയ്തു. ഇതുവരെ വകുപ്പുകളിൽ തീരുമാനമായിട്ടില്ല.
Comments