ഒരു വനിതയെ ആദ്യമായി സൗദി അറേബ്യ ബഹിരാകാശ ദൗത്യത്തിന് അയയ്‌ക്കുന്നു എന്നത് വലിയ വാർത്തയായിരുന്നു. റയ്യാന ബർനാവിയാണ് 10 ദിവസത്തെ ദൗത്യത്തിനായി പോകുന്നത്. ചരിത്രം കുറിച്ചു കൊണ്ടുള്ള സൗദി അറേബ്യയുടെ തീരുമാനം സങ്കുചിത മത ചിന്തകളിലൂന്നിയവർക്കുള്ള മറുപടിയാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടിയാണിത്. ഇസ്ലാം മത ചിന്തകളെ ചോദ്യം ചെയ്തതോടെ കെ.കെ ഷൈലജയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണമാണ്.
‘സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയിലൂടെ ബഹിരാകാശ സഞ്ചാര ദൗത്യത്തിലും സ്ത്രീ മുന്നേറ്റത്തിലും അഭിമാനകരമായൊരു ചരിത്രം രചിച്ചിരിക്കുകയാണ് സൗദി അറേബ്യ. സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്യാന കഴിഞ്ഞ 21ാം തിയതിയാണ് മറ്റ് മൂന്ന് പേരോടൊപ്പം ഒരു സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് സംഘം ബഹിരാകാശ നിലയത്തിലെത്തി. 10 ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് മടക്കം’.
‘റയ്യാനയിലൂടെ സൗദിയിലെയും അറബ് സമൂഹത്തിലെയും സ്ത്രീകൾക്ക് മാത്രമല്ല ലോകത്താകമാനമുള്ള സ്ത്രീകൾക്ക് അഭിമാനകരമായൊരു നിമിഷമാണ് സൗദി അറേബ്യ സമ്മാനിച്ചിരിക്കുന്നത്. സങ്കുചിത മത ചിന്തകളിലൂന്നി സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് റയ്യാനയുടെ ഈ ബഹിരാകാശ ദൗത്യം’- എന്നാണ് കെ.കെ ഷൈലജ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments