എറണാകുളം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ കേസിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്ന് ഉത്തരവിറക്കി കേരളാ ഹൈക്കോടതി. കൊച്ചി ബ്രഹ്മപുരത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം ദിവസങ്ങളോളം കത്തി ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്. വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇത്തരത്തിൽ ്ഭിപ്രായപ്പെട്ടത്. കൊച്ചിയിലെ സ്ഥിതി കൂടുതൽ വഷളായെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
ഇനിമുതൽ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരിൽ നിന്നു മുനിസിപ്പൽ ആക്ടിന് പുറമേ ജല നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കണമെന്നും മുനിസിപ്പൽ ആക്ടിൽ 10,000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം മാലിന്യസംസ്കരണത്തിന് ഉചിതമായ ഉത്തരവ് നൽകിയ കാസർഗോഡ് കളക്ടറെ ഹൈക്കോടതി അഭിനന്ദിച്ചു. കാസർഗോഡ് മംഗൽപാടി പഞ്ചായത്തിലെ മാലിന്യസംസ്കരണ വിഷയത്തിലാണ് കളക്ടർ ഇടപെട്ടതും ഉചിതമായ പരിഹാരം കണ്ടെത്തിയതും. ഇവിടെ പ്രശ്നമുണ്ടെന്ന് കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയും റിപ്പോർട്ട് ചെയ്തിരുന്നു.
Comments