പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. സുരേഷ് കുമാർ കണക്ക് പറഞ്ഞ് വാങ്ങിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കുന്നതാണ് സുരേഷ്‌കുമാറിന്റെ പതിവ്. 500 രൂപ മുതൽ 10,000 രൂപ വരെ ഇയാൾ കൈപ്പറ്റിയതായി ആളുകൾ പറയുന്നു. പണമില്ലെങ്കിൽ സാധനങ്ങളും ഇയാൾ സ്വീകരിക്കും. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ നാട്ടുകാർ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം വരെ നടത്തിയിരുന്നു.
എന്നാൽ ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്നയാളാണ് സുരേഷ് എന്ന് അറിയില്ലായിരുന്നുവെന്നും ജനങ്ങൾ പരാതിപ്പെട്ടില്ലെന്നുമാണ് വില്ലേജ് ഓഫീസർ നൽകുന്ന വിശദീകരണം. വിജിലൻസ് സംഘം വീട് പരിശോധിച്ചപ്പോൾ പണത്തിന് പുറമേ ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 2,500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.
ഒറ്റമുറി വീട്ടിൽ അലക്ഷ്യമായ രീതിയിലാണ് പണം സൂക്ഷിച്ചിരുന്നത്. മാസങ്ങളായി വാങ്ങുന്ന പണം ചെലവഴിക്കാതെ ഇത്തരത്തിലാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമേ സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു. ഇത്രയും തുകയ്‌ക്ക് ഉള്ളിലാണ് സുരേഷ് ഉറങ്ങുന്നതെങ്കിലും ഇയാൾക്ക് സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെയ്‌ക്കാനെന്നാണ് സുരേഷ് വിജിലൻസിന് നൽകിയ മൊഴി. അവിവാഹിതനായതിനാൽ ശമ്പളം ചെലവാക്കേണ്ടി വന്നിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
Comments