കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയതോടെ കുഴഞ്ഞു വീണു മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ഷമീർ ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് നടുവേദനയെ തുടർന്ന് ഷമീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശം നൽകിയെങ്കിലും നടുവേദന മൂലം ഇതിന് കഴിയാതെ വന്നതോടെ മടങ്ങി. പിന്നീട് വൈകുന്നേരത്തോടെ എംആർഐ സ്കാനിംഗിനായി എത്തി. ഇതിന് മുന്നോടിയായി അലർജിയ്‌ക്കുള്ള ഇൻജക്ഷനും നൽകി. ഉടൻ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.
രണ്ട് വർഷത്തിലധികമായി ഇയാൾ നടുവേദനയ്‌ക്ക് ചികിത്സ തേടിയിരുന്നു എന്നാണ് വിവരം. മാത്രമല്ല സ്ഥിരമായി ആയുർവേദ മരുന്നുകളും ഉപയോഗിച്ചിരുന്നു. എംആർഐ യ്‌ക്ക് മുൻപ് നൽകിയ ടെസ്റ്റ് ഡോസ് ഇൻജക്ഷൻ എങ്ങനെയാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
















Comments