തൃശൂർ: സർവ്വീസിൽ കയറി ഒന്നര വർഷം തികയും മുൻപ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലിക്കേസിൽ പിടിയിൽ. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് പിടിവീണത്്. കഴിഞ്ഞ ജനുവരി പത്തിനാണ് പി.ആർ. വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി എത്തിയത്.
സർവ്വീസിൽ കയറി ഒന്നര വർഷം തികയും മുന്നെയാണ് വിഷ്ണു കൈക്കൂലി കേസിൽ പിടിയിലാകുന്നത്. പഞ്ചായത്തിലെ ഭവന നിർമ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിർമാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയിലാണ്. വിഷ്ണു ചുമതലയേറ്റ് ഒരുമാസത്തിനുള്ളിൽ തന്നെ ഇയാൾക്കെതിരെ വ്യാപകമായി പരാതിയും ആരോപണങ്ങളും ഉയർന്നിരുന്നതായി പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പരാതികൾ വ്യാപകമായി ഉയർന്നതോടെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ വിളിച്ച് താക്കീതു ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും അയാൾ കൈക്കൂലി വാങ്ങിക്കുന്നത് തുടർന്നു.
ഒടുവിൽ പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിന്റെ കെണിയിൽ കുടുങ്ങുന്നത്. ഫെബ്രുവരി പത്തിന് വിഷ്ണുവിനെ വിജിലൻസ് കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് നടന്ന അന്ന് തന്നെ വിഷ്ണുവിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സസ്പൻഷൻ കാലത്ത് ജീവന ബത്തയായി പകുതി ശമ്പളം ഇയാൾക്ക് ലഭിക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വിജിലൻസ്. വിജിലൻസ് ഡയറക്ടറുടെ പരിശോധനയ്‌ക്ക് ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
സസ്പൻഷനിലാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല നടപടി ആറുമാസത്തിനുള്ളിൽ പുന:പരിശോധിക്കാമെന്നാണ് ചട്ടം. എന്നാൽ പ്രൊബേഷൻ പൂർത്തിയാകുന്നതിന് മുൻപ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനാൽ സർവ്വീസിലേക്കുള്ള മടങ്ങിവരവ് വിഇഒയ്‌ക്ക് എളുപ്പമാകില്ലെന്നാണ് ലഭ്യമാകുന്ന സൂചന.
















Comments