ന്യൂഡൽഹി: റിസർവോയറിൽ വീണ മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ വെള്ളം മുഴുവൻ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. ഫോൺ തിരിച്ചുലഭിക്കാൻ റിസർവോയറിലുണ്ടായിരുന്ന 21 ലക്ഷം ലിറ്റർ വെള്ളമായിരുന്നു ഇയാൾ ഒഴുക്കി കളഞ്ഞത്. ഒരുപകാരവുമില്ലാതെ നിന്നിരുന്ന വെള്ളമാണ് കളഞ്ഞതെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് അനുവാദം ലഭിച്ചിരുന്നുവെന്നും സസ്‌പെൻഡിലായ രാജേഷ് വിശ്വാസ് പ്രതികരിച്ചു.
കങ്കേർ ജില്ലയിലെ കോലിബേദ ബ്ലോക്കിലുള്ള ഫുഡ് ഓഫീസറാണ് രാജേഷ് വിശ്വാസ്. ഖേർകട്ട അണക്കെട്ടിലെത്തി അവധി ദിനം ആഘോഷിക്കവെയാണ് അബദ്ധത്തിൽ ഇയാളുടെ സ്മാർട്ട്‌ഫോൺ റിസർവോയറിൽ വീണത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ 15 അടി താഴ്ചയുള്ള റിസർവോയറിലേക്കായിരുന്നു പതിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെ വെള്ളത്തിലിറങ്ങി മുങ്ങി തപ്പിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വലിയ രണ്ട് പമ്പുകൾ എത്തിച്ച് റിസർവോയറിലെ വെള്ളം മുഴുവൻ ഒഴുക്കി കളയാൻ രാജേഷ് തീരുമാനിച്ചു.
മൂന്ന് ദിവസം തുടർച്ചയായി പമ്പുകൾ പ്രവർത്തിച്ചതോടെ വെള്ളം ഏതാണ്ട് വറ്റി. 1,500 ഏക്കറോളം വരുന്ന കൃഷിസ്ഥലത്തേക്ക് ആവശ്യമായ വെള്ളമായിരുന്നു ഇത്തരത്തിൽ ഒഴുക്കി കളഞ്ഞത്. ഒടുവിൽ ഫോൺ തിരികെ ലഭിക്കുകയും ചെയ്തു. രാജേഷിനെതിരെ പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇടപെട്ടായിരുന്നു പമ്പിംഗ് നിർത്തിവപ്പിച്ചത്. അപ്പോഴേക്കും വെള്ളത്തിന്റെ അളവ് ആറ് അടിയായി ചുരുങ്ങിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ആളുകളെ റിസർവോയറിൽ ഇറക്കി തപ്പി രാജേഷ് തന്റെ ഫോൺ വീണ്ടെടുത്തത്.
സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഫോൺ വെള്ളത്തിലേക്ക് വീണതെന്ന് രാജേഷ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട പല അത്യാവശ്യ രേഖകളും ഫോണിൽ അടങ്ങിയിരിക്കുന്നതിനാൽ തിരിച്ചെടുക്കണമെന്നത് അത്യന്താപേക്ഷിതമായിരുന്നു. അതിനാലാണ് ആളുകളെ ഇറക്കി തിരച്ചിൽ നടത്തിയത്. എങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജലസേചന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ കണ്ടപ്പോൾ അദ്ദേഹം വാക്കാൽ അനുവാദം നൽകുകയും വെള്ളം ഒഴുക്കി കളയുകയുമായിരുന്നു എന്ന് രാജേഷ് വിശ്വാസ് പറഞ്ഞു.
അഞ്ചടിയോളം വെള്ളം ഒഴുക്കി കളയാനായിരുന്നു രാജേഷിന് അനുവാദം നൽകിയിരുന്നത് എന്നും അതിൽ കൂടുതൽ വെള്ളം പമ്പ് ചെയ്ത് കളഞ്ഞതാണ് പ്രശ്‌നമായതെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മൂന്ന് ദിവസത്തിൽ കൂടുതൽ വെള്ളത്തിൽ കിടന്നിരുന്നതിനാൽ ഫോൺ പ്രവർത്തനക്ഷമമായില്ലെന്നതാണ് മറ്റൊരു കാര്യം.
സംഭവത്തിൽ വലിയ വിമർശനമാണ് ജലസേചന വകുപ്പിനെതിരെയും സർക്കാരിന്റെ പിടിപ്പുകേടിനെതിരെയും ഉയർന്നത്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിംഗ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ശക്തമായി വിമർശിച്ചു, ‘സ്വേച്ഛാധിപത്യ’ സ്വഭാവമുള്ള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ പൂർവ്വിക സ്വത്തായാണ് പ്രദേശത്തെ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടും ചൂടിൽ നിരവധി പേർ ആശ്രയിച്ചിരുന്ന വെള്ളമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം പാഴായി പോയതെന്നും അദ്ദേഹം പറഞ്ഞു.
















Comments