പാലക്കാട്: മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് പണം വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. എന്നാൽ മേലുദ്യോഗസ്ഥരുടെ പേരുകൾ സുരേഷ് വെളിപ്പെടുത്തിയിട്ടില്ല. സുരേഷ് കുമാറിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യും.
സുരേഷ് താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ കണ്ടെത്തിയ പണം മുഴുവനും കൈക്കൂലിയായി വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചിരുന്നു. ഏകദേശം ഒരു കോടിയോളം രൂപയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. മന്ത്രിയുടെ അദാലത്തിനിടെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് വിജിലൻസ് നടത്തിയ റെയ്ഡിലാണ് പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം വിജിലൻസ് കോടതി സുരേഷ് കുമാറിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെ ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നു. പണം മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. അനധികൃത സ്വത്തുക്കൾ എങ്ങനെ ഉണ്ടായെന്ന് വിജിലൻസ് അന്വേഷിക്കും. അതേസമയം, ഇയാൾ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments