ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംഗീതസംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പുതിയ പാർലമെന്റ് മന്ദിരം കാണുമ്പോൾ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോദിക്ക് ഹൃദയംഗമമായ അഭിനന്ദങ്ങൾ അറിയിക്കുകയാണെന്നും ഇളയരാജ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃപാടവത്തെയും രാഷ്‌ട്രീയ തീരുമാനങ്ങളെയും ജനങ്ങൾ സ്വീകരിക്കുന്നതിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും ഇളയരാജ കൂട്ടിച്ചേർത്തു. നീതിയുടെയും അധികാരത്തിന്റെയും സത്യസന്ധതയുടെയും ധർമ്മത്തിന്റെയും പ്രതീകമാണ് സെങ്കോൽ. നാളെ പാർലമെന്റിൽ സെങ്കോൽ സ്ഥാപിക്കപ്പെടുന്നുവെന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്. സെങ്കോൽ സ്ഥാപിക്കുന്നതിലൂടെ തമിഴരുടെ സംസ്‌കാരങ്ങൾ മാനിക്കപ്പെടുകയാണെന്നും സെങ്കോൽ ഇരിക്കേണ്ടുന്ന ശരിയായ സ്ഥലത്താണ് അതിനി സ്ഥാപിതമാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലിടം പിടിക്കാൻ പോകുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇത്രയും കുറഞ്ഞകാലയളവിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും ഇളയരാജ കൂട്ടിച്ചേർത്തു.
അതേസമയം നാളെ പുതിയ പാർലമെന്റിൽ സ്ഥാപിക്കാൻ പോകുന്ന സെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയിരിക്കുകയാണ് അധീനങ്ങൾ. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയായിരുന്നു ആചാര്യന്മാർ സെങ്കോൽ കൈമാറിയത്. ഇതിനായി ധർമ്മപുരം, തിരുവാവാടുതുറൈ എന്നിവിടങ്ങളിലെ അധീനങ്ങൾ രാവിലെ തന്നെ ഡൽഹിയിലെത്തിയിരുന്നു. നാളെ പാർലമെന്റ് മന്ദിര ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി പവിത്രമായ സെങ്കോൽ സ്ഥാപിക്കും.
Comments