ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് തങ്ങൾ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. അഹമ്മദാബാദിൽ സംഘടിപ്പിച്ച ‘മോദിയുടെ ഇന്ത്യ,റൈസിംഗ് പവർ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറച്ച് വ്യത്യസ്തമായി ചിന്തിക്കാൻ പ്രധാനമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത വർഷത്തേക്കോ അടുത്ത ദശാബ്ദത്തേക്കോ അല്ല. അടുത്ത 25 വർഷത്തെ കുറിച്ച് ചിന്തിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നമ്മുടെ വ്യക്തിത്വം, നമ്മുടെ സംസ്‌കാരം, നമ്മുടെ പൈതൃകം എന്നിവ അന്താരാഷ്‌ട്ര തലത്തിലേക്ക് കൊണ്ടുവരണം. എന്താണ് പൈതൃകം, സംസ്‌കാരം ഈ വ്യവസ്ഥയുടെ ഡിഎൻഎ എന്താണ്.. ഒരു രാജ്യം ഉയർന്ന് വരുന്നത് ആ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും കാരണമാണ്. ലോകത്തെ രൂപപ്പെടുത്താൻ ശ്രമിക്കുന്ന കലാശിൽപിയെ പോലെയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യ’-ജയശങ്കർ പറഞ്ഞു.
‘ഞങ്ങൾ ലോകത്തെ രൂപപ്പെടുത്താനും ഇന്ത്യയെ പുനർകൽപന ചെയ്യാനും ശ്രമിക്കുന്നു. ഇന്ത്യയുടെ രാഷ്‌ട്രീയം, പ്രാതിനിധ്യം , ചിന്ത, ഭാഷ, രൂപകങ്ങൾ, നയങ്ങൾ എന്നിവയ്‌ക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ മാറ്റം വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാണ്. അതിന്റെ കാഴ്ചപ്പാടിൽ വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments