മലപ്പുറം : ഹണി ട്രാപ്പിനിടെ ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും. പ്രതികളായ ഷിബിലി, ആഷിക്, ഫർഹാന എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കിൽ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ സ്ഥലങ്ങളിലാകും തെളിവെടുപ്പ് നടത്തുക.
കൃത്യം നടത്തിയതിന് ശേഷം പ്രതികൾക്ക് രക്ഷപെടുന്നതിനായി ആരെങ്കിലും സഹായം നൽകിയിരുന്നോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഷിബിലിയുടെ പരിചയക്കാരനായ അസം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികൾ കടന്നുകളയാൻ ശ്രമിച്ചത്. മുൻപ് പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്.
അതേസമയം പ്രതികൾ ഹണിട്രാപ്പിലൂടെ ലക്ഷ്യം വെച്ചത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ സിദ്ദിഖും തമ്മിൽ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഷിബിലിയും മുറിയിലേക്ക് കടന്നു വരുന്നത്. പരിചയക്കാരായതിനാൽ മൂവരും തമ്മിൽ സംസാരം തുടർന്നു. എന്നാൽ ആഷിഖിന്റെ കടന്നു വരവോടെയാണ് സാഹചര്യം മാറി മറിഞ്ഞത്.
ഹണിട്രാപിനായി സിദ്ദിഖിന്റെ നഗ്നചിത്രം എടുക്കാൻ മൂവരും ചേർന്ന് ശ്രമിച്ചു. പിന്നാലെ കത്തി ചൂണ്ടി പണം ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ചെറുത്ത് നിൽപ്പ് തുടരുകയായിരുന്നു. ഇതോടെ ഫർഹാന ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റിക ഷിബിലിക്ക് നൽകുകയും ഇയാൾ തലയ്‌ക്കടിക്കുകയുമായിരുന്നു. ആഷിഖ് മുറിയിലെത്തി അഞ്ച് മിനിറ്റിനകം കൊലപാതകം നടന്നുവെന്നാണ് പോലീസ് നിഗമനം.
Comments