ഭോപ്പാൽ: മദ്ധ്യപ്രദേശിലെ അതിശക്തമായ കൊടുംകാറ്റിൽ ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിൽ ആറ് സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു. ഉജ്ജയിനിൽ തുടർച്ചയായി ശക്തമായ കാറ്റിനെ തുടർന്നാണ് വിഗ്രഹങ്ങൾ തകർന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴയെയും കാറ്റിനെയും തുടർന്ന് നിരവധി നാശ ന്ഷടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ മഹാകാൽ ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഏഴ് സപ്തഋഷികളുടെ വിഗ്രഹങ്ങളിൽ ആറെണ്ണമാണ് കാറ്റിൽ തകർന്ന് വീണത്. എന്നാൽ ഈ സമയങ്ങളിൽ ഇടനാഴിയിൽ സന്ദർശകർ ധാരാളമുണ്ടായിരുന്നു. പക്ഷേ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിഗ്രഹങ്ങൾ തകർന്ന് വീണതോടെ ക്ഷേത്രം മണിക്കൂറുകളോളം അടച്ചിട്ടു. വിഗ്രഹങ്ങൾ പുനർസജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
856 കോടി രൂപ വിലമതിയ്‌ക്കുന്ന മഹാകാലേശ്വർ ക്ഷേത്രം രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. പുണ്യനദിയായ ഷിപ്രയുടെ തീരത്തിന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തിയുടെ പ്രവാഹങ്ങൾ ഉരുത്തിരിഞ്ഞുവരുന്ന സ്വയംഭൂ ആണ് ലിംഗരൂപത്തിലുള്ള ശിവൻ എന്നാണ് വിശ്വസിക്കുന്നത്. ശിവന്റെ ആനന്ദ താണ്ഡവ സ്വരൂപത്തെ ചിത്രീകരിക്കുന്ന വ്യത്യസ്ത ഭാവങ്ങളുള്ള 108 ശിവസ്തംഭങ്ങളും ക്ഷേത്രത്തിലുണ്ട്. ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലമെന്ന് പറയപ്പെടുന്ന ദേവാലയമാണിത്. മദ്ധ്യപ്രദേശിൽ രണ്ട് ജ്യോതിർലിംഗങ്ങളാണുള്ളത്. ഓംകാരേശ്വർ ജ്യോതിർലിംഗമാണ് രണ്ടാമത്തേത്. മഹാകാലേശ്വർ ജ്യോതിർലിംഗത്തിന് 140 കിലോമീറ്റർ തെക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
Comments