തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. മത്സരിക്കാതെ കൗൺസിലറാകാനൊരുങ്ങിയ വിശാഖിന് വേണ്ടി ഒഴിവാക്കപ്പെട്ട കൗൺസിലർ അനഘയുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആൾമാറാട്ടം നടന്നോ ഇല്ലയോ എന്നതാണ് പോലീസ് തെളിയിക്കേണ്ടത്. തിരഞ്ഞെടുപ്പിലൂടെ ജയിച്ചത് അനഘയാണെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും കേരള സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിലുമായി കയറിയിറങ്ങുകയാണ് പോലീസ്.
പ്രായപരിധി കഴിഞ്ഞതിനാൽ വിശാഖിന് മത്സരിക്കാൻ കഴിയില്ലായിരുന്നു എന്നതിന്റെ രേഖകളും പോലീസിന് ലഭിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് ജയിച്ച അനഘ എങ്ങനെയാണ് പട്ടികയിൽ നിന്ന് പുറത്തായെന്നും പകരം എങ്ങനെ വിശാഖ് കയറിക്കൂടി എന്നുമാണ്. മത്സരിക്കാതെ കൗൺസിലറാകാൻ പ്രയോഗിച്ചത് ഭീഷണിയാണോ സ്വാധീനമാണോ അതോ എല്ലാവരുടെയും അറിവോടെ തുടക്കം മുതൽ നടത്തിയ ആസൂത്രണമാണോ എന്നാണ് പോലീസ് കണ്ടത്തേണ്ടത്. അങ്ങനെയെങ്കിൽ ഇതിൽ ആർക്കെല്ലാം പങ്കുണ്ടാവും എന്നറിയാൻ അതിന് ആദ്യം സംസാരിക്കേണ്ടത് ജയിച്ചിട്ടും ഒഴിവാക്കപ്പെട്ട അനഘയോടാണ്.
എന്നാൽ കഴിഞ്ഞദിവസം വൈകുന്നേരം സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിലെത്തി പോലീസ് ചില രേഖകൾ ശേഖരിച്ചിരുന്നു. ഇപ്പോഴും അനഘയുടെ മൊഴിയെടുത്തിട്ടില്ല . രേഖകളെല്ലാം ഉള്ളതിനാൽ തിരഞ്ഞെടുപ്പിൽ ജയിച്ചത് താനല്ലെന്ന മൊഴി എന്തായാലും അനഘ നൽകാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ അടുത്ത നടപടി കേസിലെപ്രതികളുടെ അറസ്റ്റാണ്. ഇതിനാലാണ് മൊഴിയെടുക്കലിൽ പോലീസ് ഇഴയുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ആൾമാറാട്ടക്കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള സമ്മർദം പോലീസിനുണ്ടാകാം എന്നാണ് പറയപ്പെടുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതി ഡോ.ജി.ജെ.ഷൈജു കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനാ നേതാവായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ കോൺഗ്രസിൽ ഒരു വിഭാഗവും ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ മറ്റ് യുഡിഎഫ് അനുകൂല സംഘടനകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണമുണ്ടായിട്ടില്ല. കേസിൽ അന്വേഷണം ഇഴഞ്ഞിട്ടും പ്രതികരിക്കുന്നുമില്ല. യൂത്ത് കോൺഗ്രസും കോൺഗ്രസുമെല്ലാം ഇതൊരു വിദ്യാർഥി സംഘടനാ വിഷയം മാത്രമായി ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ കെപിസിടിഎ പ്രതിനിധിയായി സെനറ്റിലേക്ക് നാമനിർദേശപത്രിക നൽകിയ ഷൈജു കേസ് വന്നതോടെ പ്രചാരണരംഗത്തും സജീവമല്ല.
നേരത്തെ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്‌ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്ന് ഡോ.ഷൈജുവിനെ നീക്കണമെന്ന കേരള യൂണിവേഴ്‌സിറ്റിയുടെ രേഖാമൂലമുള്ള നിർദ്ദേശം കോളേജ് മാനേജ്‌മെന്റിന് ലഭിച്ചതോടെയാണ് നടപടിയെടുത്തത്. ഷൈജുവിന് പകരം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിതനായ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ.എൻ.കെ.നിഷാദാണ് വിശാഖിനെ സസ്‌പെൻഡ് ചെയ്തത്.
















Comments