കോട്ടയം: എരുമേലിയ്‌ക്കടുത്തെ ചേനപ്പാടിയിൽ ഇന്നലെ പകലും രാത്രിയിലുമായി ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്ദം. ഒന്നിലധികം തവണ ശബ്ദം കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിൽ. തിങ്കളാഴ്ച രാത്രി ഒമ്പതിന് ശേഷം പലതവണ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കമ്പനവും അനുഭവപ്പെട്ടിരുന്നു. കൂടാതെ ചില സ്ഥലങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇന്നലെ പുലർച്ചെയും വൈകിട്ട് അഞ്ചരയോടെയും ചെറിയ രീതിയിൽ പ്രദേശത്ത് നിന്ന് മുഴക്കം കേട്ടിരുന്നു. പിന്നീട് രാത്രി 8.15-നും 8.45-നും 9-നും മൂന്ന് തവണ വലിയ സ്‌ഫോടന ശബ്ദവും പ്രദേശത്ത് നിന്ന് കേട്ടു. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി വീടുകളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു.
ഇടയറ്റുകാവ്, കരിമ്പൻമാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിൽ നിന്നായി വലിയ ശ്ബദമായിരുന്നു കേട്ടത്. സ്‌ഫോടന ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചുവെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായും തഹസിൽദാർ ബെന്നി മാത്യൂ പറഞ്ഞു. എരുമേലി പഞ്ചായത്തിലെ ചേനപ്പാടി, പഴയിടം, പൂതക്കുഴി, ആലിൻചുവട് കിഴക്കേക്കര, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കത്തോട് മേഖലയിലും സമാനരീതിയിൽ ശബ്ദം കേട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.
















Comments