പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

Published by
Janam Web Desk

കോട്ടയം: പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിൽ. കോട്ടയം തെള്ളകം സ്വദേശികളായ ജിതിൻ ജോസഫ്, വിഷ്ണു, സഞ്ജു, കണ്ണൻ കെആർ, മഹേഷ്. നിധിൻ എന്നിവരാണ് പിടിയിലായത്. ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആറംഗ സംഘം അറസ്റ്റിലായത്. ആക്രമം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് രണ്ട് പേർ തട്ടുകടയിലെത്തി പൊറോട്ട ഓർഡർ ചെയ്ത സമയത്ത് പത്ത് മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞിരുന്നു. തുടർന്ന് ഇവർ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നാലെ സംഘം ചേർന്ന് തട്ടുകടയിലെത്തി ആക്രമണം നടത്തുകയായിരുന്നു. തട്ടുകട അടിച്ച് തകർക്കുകയും ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയും കൈയിലിരുന്ന ഹെൽമറ്റ് കൊണ്ടും ഇരുമ്പ് കൊണ്ടും തലയ്‌ക്ക് അടിച്ചു. തുടർന്ന് സംഘം സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.  കടയുടമ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആറു പേരെയും വിവിധയിടങ്ങളിൽ നിന്നായാണ് പിടികൂടിയത്.

Share
Leave a Comment