തിരുവനന്തപുരം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് മരണപ്പെട്ട ഡോ വന്ദനയുടേയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഇരുവരുടെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് തീരുമാനം.
മെയ് പത്തിനായിരുന്നു ഡോ വന്ദനയുടെ കൊലപാതകം നടന്നത്. പോലീസ് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുവന്ന സ്‌കൂൾ അദ്ധ്യാപകൻ വെളിയം ചെറുകരക്കോണം എസ് സന്ദീപിന്റെ കുത്തേറ്റായിരുന്നു വന്ദന കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു ഡോ. വന്ദന ദാസ്.
തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ സംഭരണശാലയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു രഞ്ജിത്ത് മരണപ്പെട്ടത്. തീയണയ്‌ക്കൽ പരിശ്രമത്തിനിടെ കോൺക്രീറ്റ് മതിൽ തകർന്നാണ് അഗ്‌നിശമനാ സേനാ ഉദ്യോഗസ്ഥനായ രഞ്ജിത്ത് (32) മരിച്ചത്. മെയ് 23-ന് ആയിരുന്നു രഞ്ജിത്ത് മരണപ്പെട്ടത്.
















Comments