കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ബന്ധു പ്രസീത മനോളി ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ജോലിയിൽ തിരിച്ചെടുത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയത്.
പി കെ ശ്രീമതിയുടെ ബന്ധുവും മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ പ്രസീത മനോളി, ആശുപത്രിയിലെ ഗ്രെഡ് 1 അറ്റന്റർ എൻ കെ ആസ്യ, ഷൈനി ജോസ്, വി ഷലൂജ , ഗ്രേഡ് 2 അറ്റന്റർ പി ഇ ഷൈമ എന്നിവരെ ജോലിയിൽ തിരിച്ചെടുത്താണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയത്. ആശുപത്രി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി സംഭവം അന്വേഷിച്ചെന്നും പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റം തെളിയിക്കാൻ ഇരയായ യുവതിയ്‌ക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ പറയുന്നു.
കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കണമെന്നും ഉത്തരവിലുണ്ട്. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് കാണിച്ച് പ്രതികളെ ജോലിയിൽ തിരിച്ചെടുത്തതിന് പിന്നിൽ സിപിഎം ഇടപെടൽ ഉണ്ടായെന്നും ആരോപണം ഉണ്ട്. പോലീസിൽ പിടി നൽകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ ഒളിവിൽ കഴിയവേ ഇവർക്ക് മുഴുവൻ സഹായവും ചെയ്ത് നൽകിയത് സിപിഎം അനുകൂല തൊഴിലാളി സംഘടനയാണെന്നും വിമർശനമുയരുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 18 നാണ് തൈറോയിഡ് ശസ്ത്രക്രിയയ്‌ക്ക് ശേഷം അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ യുവതിയെ ഐ സി യുവിലെ ഗ്രെഡ് വൺ അറ്റന്റർ എം എം ശശീന്ദ്രൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിയ്‌ക്ക് വേണ്ടി എൻ ജി ഒ യൂണിയൻ നേതാക്കൾ രംഗത്ത് വരികയായിരുന്നു. ഒടുവിൽ യൂണിയന്റെ നിർദ്ദേശപ്രകാരം ഇരയെ സ്വാധീനിച്ച പ്രതികളെ രക്ഷപ്പെടുത്താനും എൻ ജി യൂണിയനും സി പി എം നേതൃത്വവും പരസ്യമായി രംഗത്ത് വന്നു.
















Comments