പച്ചക്കറിയും പഴവർഗങ്ങളും ഏതൊക്കെയാണെന്ന് നമുക്കറിയാം. എന്നാൽ ചില പഴവർഗങ്ങളെ സ്ഥിരമായി നാം പച്ചക്കറിയുടെ ഗണത്തിലാണ് ഉൾപ്പെടുത്താറുള്ളതെന്ന് നിങ്ങൾക്കറിയാമോ.. ഇത്രയും നാൾ പച്ചക്കറിയാണെന്ന് നിങ്ങൾ ധരിച്ച ചില പഴവർഗങ്ങളെ പരിചയപ്പെടാം..
കുക്കുംബർ: ഇത് പലരും പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച് ആഹാരമാക്കുന്ന ഒരു ഐറ്റമാണ്. എന്നാൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഈ ഭക്ഷ്യവസ്തു യഥാർത്ഥത്തിൽ പഴവർഗമാണ്.
തക്കാളി: ഭക്ഷണം പാകം ചെയ്യുന്ന എല്ലാ അടുക്കളയിലും ഒഴിച്ചുകൂടാൻ പറ്റത്ത ഒന്നാണ് തക്കാളി. പൊതുവെ എല്ലാവരും പച്ചക്കറികളുടെ ഗണത്തിലാണ് തക്കാളിയെ ഉൾപ്പെടുത്താറുള്ളതെങ്കിലും ഇത് പഴവർഗമാണെന്നതാണ് വസ്തുത. ധാരാളം ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള പഴമാണിത്.
വഴുതന: വ്യത്യസ്തമായ രീതിയിൽ പാകം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് വഴുതന. ഇന്നത്തെ കാലത്ത് മിക്കവരുടെയും അടുക്കള മുറ്റത്ത് വഴുതന കൃഷി കാണുന്നതും പതിവാണ്. തൊടിയിൽ നിന്ന് 2-3 വഴുതന പൊട്ടിച്ച് കയ്യോടെ മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന ശീലവും ആളുകൾക്കുണ്ട്. വഴുതനയിൽ മസാലകൾ തേച്ചുപിടിപ്പിച്ച് വറുത്തെടുത്ത് കഴിക്കാനും മലയാളികൾക്ക് ഇഷ്ടമാണ്. ഇത്രമാത്രം വഴുതന കഴിക്കാറുണ്ടെങ്കിലും ഇതൊരു പഴവർഗമാണെന്ന് പലർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം.
കാപ്‌സിക്കം: പച്ച, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ വ്യത്യസ്ത നിറത്തിലുള്ള കാപ്‌സിക്കം നാം കഴിച്ചിട്ടുണ്ടാകും. ബെൽ പെപ്പർ എന്നും അറിയപ്പെടുന്ന കാപ്‌സിക്കവും പച്ചക്കറിയല്ല പഴവർഗമാണ്.
വെണ്ട: ഒരിക്കലെങ്കിലും വെണ്ടയ്‌ക്ക കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. സാമ്പാറിലെ ഒഴിച്ചുകൂടാനാകാത്ത ഐറ്റമായ വെണ്ട നിരവധി പേരുടെ ഇഷ്ടവിഭവും കൂടിയാണ്. പച്ചക്കറിയായി നാം കരുതിയിട്ടുള്ള വെണ്ടയ്‌ക്ക പഴവർഗത്തിലാണ് ഉൾപ്പെടുക.
ഗ്രീൻപീസ്: പച്ച നിറത്തിലിരിക്കുന്ന എല്ലാം പച്ചക്കറികളാണെന്ന് ധരിക്കുന്ന ഒരു പൊതുസ്വഭാവം നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രീൻപീസിനെയും നാം പച്ചക്കറിയുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതും ഒരു പഴവർഗമാണ്.
മത്തങ്ങ: മത്തങ്ങ കഴിക്കാത്ത മലയാളിയുണ്ടാകില്ല. അതുപോലെ തന്നെ മത്തങ്ങയൊരു പഴവർഗമാണെന്ന് അറിയാവുന്ന മലയാളികളും വിരളമായിരിക്കും.
Comments