തിരുവനന്തപുരം: സോളാർ സമരം തീർത്തതിനു പിന്നിൽ രഹസ്യധാരണയുണ്ടായി എന്ന് സിപിഐ നേതാവ് സി.ദിവാകരൻ. എൽഡിഎഫുമായി ഉമ്മൻചാണ്ടി സർക്കാർ ധാരണയിലെത്തി. ഇതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചതെന്നും സി. ദിവാകരൻ വെളിപ്പെടുത്തി.
‘സോളാർ സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. എൽഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞരിക്കുകയാണ്, എന്തും നടക്കും എന്നതായിരുന്നു സ്ഥിതി. ഉമ്മൻചാണ്ടി കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചു. രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഞങ്ങൾ സമരത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അന്നേരം എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. എൽഡിഎഫുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് ധാരണയിലെത്തി’.
‘ധാരണയായി എന്ന് പാർട്ടി എന്നോട് പറഞ്ഞു. പാർട്ടിയുടെ തീരുമാനം ആയതിനാൽ അനുസരിച്ചു. ധാരണയെപ്പറ്റി പാർട്ടി പറഞ്ഞപ്പോൾ, അത് നിശബ്ദനായി നിന്നു കേട്ട് എകെജി സെന്ററിന്റെ പടിയിറങ്ങി ഞാൻ പോയി. ആഭ്യന്തരമന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മുൻകൈ എടുത്തത്. അങ്ങനെ ആ സമരം ചീറ്റി പോയി. അത് അങ്ങനെ അവസാനിപ്പിക്കാൻ പാടില്ലായിരുന്നു’- ന്യൂസ് 18-യ്‌ക്ക് നൽകിയ അഭിമുഖത്തിൽ സിപിഐ നേതാവ് പറഞ്ഞു.
















Comments