ന്യൂഡൽഹി: രാജ്യത്തെ യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന. മെയ് മാസത്തിൽ രാജ്യത്ത് 9 ബില്യണിലധികം യു പി ഐ ഇടപാടുകളാണ് നടന്നതെന്ന് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി. 9.41 ബില്യൺ അഥവാ 941 കോടി യു പി ഐ ഇടപാടുകളാണ് ഒറ്റമാസം കൊണ്ട് രാജ്യത്ത് നടന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇതുവഴി 14.30 ലക്ഷം കോടി മൂല്യമുള്ള പണമിടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം മെയിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനം വർദ്ധനവാണ് യു പി ഐ ഇടപാടുകളിൽ ഉണ്ടായത്.
ജനുവരിയിൽ 8 ബില്യൺ, ഫെബ്രുവരിയിൽ 7.5 ബില്യൺ, മാർച്ചിൽ 8.7 ബില്യൺ, ഏപ്രിലിൽ 8.89 ബില്യൺ എന്നിങ്ങനെയാണ് യു പി ഐ ഇടപാടുകൾ നടന്നത്. ഈ വർഷത്തിൽ ഇതു വരെ ഏറ്റവും കൂടുതൽ യു പി ഐ ഇടപാടുകൾ നടന്ന മാസം കൂടിയാണ് മെയ്. 2023 ലെ ഇതു വരെയുള്ള കണക്കുകൾ പ്രകാരം 83 ബില്യൺ യു പി ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. 139 ലക്ഷം കോടി രൂപയാണ് 5 മാസം ഡിജിറ്റൽ ഇടപാടുകൾ വഴി മാത്രം കൈമാറപ്പെട്ടത്. 2026- 2027 ആകുമ്പോഴേക്കും രാജ്യത്തെ പണമിടപാടുകളുടെ 90 ശതമാനവും യു പി ഐ വഴിയാകുമെന്ന് സആർബിഐ അഭിപ്രായപ്പെടുന്നു.
2016-ലാണ് രാജ്യത്ത് യുപിഐ ഇടപാടുകൾ ആരംഭിച്ചത്. ഇടപാടുകൾ ലളിതമാക്കുന്നതിനും തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമായാണ് യുപിഐ അവതരിപ്പിച്ചത് ഭൂട്ടാൻ, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നേപ്പാൾ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ഒമാൻ, ഖത്തർ, ഓസ്ട്രേലിയ, തായ്ലൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, കംബോഡിയ, ദക്ഷിണ കൊറിയ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും യു പി ഐ ഇടപാടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് യു പി ഐയെ രാജ്യത്തേക്ക് സ്വീകരിക്കാനുള്ള താത്പര്യം പങ്കുവച്ച് ജപ്പാൻ മുന്നോട്ട് വന്നിരുന്നു.
Comments