മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ. ഈ ബൃഹത് ദൗത്യത്തിന് തയ്യാറെടുക്കുമ്പോൾ പേടകത്തിൽ സഞ്ചരിക്കുന്ന മനുഷ്യരുടെ ആരോഗ്യം നിലനിർത്തുകയെന്നത് പ്രധാനമാണ്. ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ ഒഴിച്ച് കൂടാനാവത്ത ഒന്നാണ് ആഹാരം. ബഹിരാകാശ യാത്രികർക്ക് ഇന്ത്യൻ ഭക്ഷണം വിളമ്പുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നൽകുന്ന വിവരം. എന്നാൽ മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്‌ലി മെനുവിൽ ഉണ്ടാവില്ലെന്നാണ് വിവരം.
ഇഡ്‌ലി-സാമ്പാർ കോബിനേഷനുകൾ മെനുവിൽ ഉണ്ടാകില്ല. പകരം ട്യൂബുകളിലൂടെ കഴിക്കാവുന്ന ആഹാരമാകും വിളമ്പുക. ചിക്കൻ പോലുള്ളതും വൈവിധ്യമാാർന്നതുമായ ആഹാരമാകും ട്യൂബിലൂടെ ലഭ്യമാക്കുക. ഇന്ത്യൻ വ്യോമസേനയിലെ പരിചയസമ്പന്നരായ പൈലറ്റുമാരാകും ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങുന്നതെന്നും സോമനാഥ് പറഞ്ഞു. ഇത്തരം പ്രതിസന്ധികളെ നേരിടാൻ പരിശീലനവും കഴിവും സിദ്ധിച്ചവരാണ് ഇവരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന രാജ്യത്തിന്റെ പ്രഥമ ദൗത്യത്തിനായി വ്യോമസേനയിലെ നാല് പൈലറ്റുമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർ നിലവിൽ പരിശീലനത്തിലാണ്.
ബഹിരാകാശ യാത്രികർക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ച മറ്റ് രാജ്യങ്ങളിൽ നിന്ന് അവർ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിക്ഷേപണം സംബന്ധിച്ച് കൃത്യമായ തീയതിയോ സമയമോ പറയാൻ കഴിയില്ലെന്നും മികച്ച രീതിയിൽ ദൗത്യം വിജയിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments